Thursday, August 6, 2009

അഞ്ച്

ആ സന്ധ്യ വല്ലാതെ നിശബ്ദമായിരുന്നു. മൂടല്‍മഞ്ഞ് ചിന്നഹള്ളിയിലെ താഴ്വരയെ പൊതിഞ്ഞു. പാര്‍വതീബറ്റയിലെ കല്‍‌വിളക്കുകളില്‍ ദീപം തെളിയിച്ചിരിക്കുന്നത് തെല്ലകലെയായി കാണാം.

ജോനോ റാന്തല്‍ കത്തിച്ചു. ‍ ‍മുറ്റത്തെ കാലിത്തൊട്ടികള്‍ വൃത്തിയാക്കി. അവയില്‍ കുതിര്‍ത്ത നിലക്കടല നിറച്ചു. അപ്പോഴേയ്ക്കും തോട്ടങ്ങളില്‍ മേയാന്‍ പോയിരുന്ന കാലികള്‍ തിരികെയെത്താന്‍ തുടങ്ങി. മുറ്റത്തെ കാലിത്തൊട്ടികളില്‍ തലയിടാന്‍ അവ മത്സരിച്ചു.

പാര്‍വതീബറ്റയിലെ നേര്‍ച്ചക്കാളയായ ശംഭു തിരക്കില്‍ നിന്നു മാറി നില്‍പ്പുണ്ടായിരുന്നു. ബാലുപ്പേട്ടയിലെ ധനികനായ മല്ലികാര്‍ജ്ജുനന് നവിലഹള്ളിയില്‍ അനേകം ഏക്കര്‍ നെല്‍പ്പാടങ്ങളും കാപ്പിത്തോട്ടങ്ങളും ഓറഞ്ചു തോട്ടങ്ങളും ഉണ്ട്. അയാള്‍ പാര്‍വതീബറ്റയില്‍ നടയ്ക്കിരുത്തിയതാണ് ശംഭുവിനെ. അവന് അസാധാരണ വലിപ്പമുള്ള തിമിളും കൊമ്പും ഉണ്ടായിരുന്നു. ഞങ്ങളുടെ കാലികള്‍ക്കൊപ്പം വിശാലമായ പുല്‍‌പ്രദേശങ്ങളില്‍ മേഞ്ഞു നടക്കാനും അരുവിയിലെ തണുത്ത വെള്ളം കുടിയ്ക്കാനും കാപ്പിച്ചെടികള്‍ക്കു താഴെ വിശ്രമിക്കാനും അവന്‍ ഏറെ ഇഷ്ടപ്പെട്ടു. തിരികെ പാര്‍വതീബറ്റയിലേക്ക് പോകാന്‍ അവനു തെല്ലും താല്പര്യമില്ലായിരുന്നു. അവന്റെ ഈ താല്പര്യക്കുറവ് പലപ്പോഴും ഞങ്ങളെ കൊണ്ടു ചെന്നെത്തിക്കുന്നത് വലിയ സങ്കടങ്ങളിലേക്കായിരുന്നു.

ചിന്നഹള്ളിയിലെ കാപ്പിത്തോട്ടങ്ങളില്‍ പണികഴിഞ്ഞ് ഒരുകൂട്ടം ലംബാനികള്‍ താഴെ ഓറഞ്ചുതോട്ടങ്ങള്‍ക്കിടയിലെ വഴിയിലൂടെ അബ്ബാനിലെ ഗ്രാമത്തിലേയ്ക്ക് നടന്നുപോയി. ഒരു മിന്നല്‍ പിണര്‍ പുല്‍‌പ്രദേശത്തെ ഭേദിച്ച് ഭൂമിയിലേയ്ക്ക് ആഴ്ന്നിറങ്ങി. ഇടിമുഴക്കത്തില്‍ താഴ്വര വിറകൊണ്ടു. നായ നിലവിളിച്ചുകൊണ്ട് ദൂരേയ്ക്ക് ഓടിപ്പോയി. മഴയുടെ മണമുള്ള ഒരു തണുത്ത കാറ്റ് ഞങ്ങളെ കടന്നുപോയി.

ശക്തമായ കാറ്റും മഴയുമായി രാത്രി വന്നു. സില്‍‌വര്‍ ഓക്ക് മരങ്ങള്‍ ഇലകള്‍ താഴ്ത്തി നിന്നു. മലകളും താഴ്വരയും പുല്‍‌പ്രദേശവുമെല്ലാം ഇരുളില്‍ മഴയില്‍ കുതിര്‍ന്ന് നിശ്ശബ്ദം നിന്നു. ഒരുകൂട്ടം മരപ്പട്ടികള്‍ സില്‍‌വര്‍ ഓക്ക് മരങ്ങളില്‍കൂടി ചാടി ദൂരേയ്ക്ക് പോയി.

കാറ്റ് മരങ്ങളെ ചുഴറ്റി വീശിക്കൊണ്ടിരുന്നു. താഴ്വരയിലെവിടെയോ ഒരു മരം കടപുഴകിവീഴുന്ന ശബ്ദം ഉച്ചത്തില്‍ കേട്ടു. സില്‍‌വര്‍ ഓക്ക് മരത്തിന്റെ കൊമ്പുകള്‍ കാറ്റില്‍ ഒടിഞ്ഞ് താഴ്വാരത്തേയ്ക്ക് പറന്നു പോയി.

വലിയൊരു സില്‍‌വര്‍ ഓക്ക് മരം ഒച്ചയോടെ കാലിപ്പുരയുടെ പുറത്തേയ്ക്ക് ചാഞ്ഞു വന്നു. ഒരു മരച്ചില്ല വീടിന്റെ ജനാലച്ചില്ല് തകര്‍ത്ത് അകത്തേയ്ക്ക് കയറി. മരം കാലിപ്പുരയുടെ മുകളിലായി അങ്ങനെ തന്നെ ചാഞ്ഞു നിന്നു. ജോനോ കയറുമായി ഓടി വന്നു. കയര്‍ കെട്ടി മരത്തിനെ താങ്ങി നിറുത്തി ചെറിയ കഷണങ്ങളായി മുറിച്ചുമാറ്റാനായിരുന്നു ഞങ്ങളുടെ ശ്രമം. മഴയില്‍ റാന്തലുകള്‍ അണഞ്ഞു. ജോനോ ഒരു കോടാലിയുമായി മരത്തിലേയ്ക്ക് പതിയെ കയറാന്‍ തുടങ്ങി. ഞങ്ങളുടെ ശ്രമം വിജയിച്ചില്ല. കയര്‍ പൊട്ടി. മരം പതിയെ പതിയെ കാലിപ്പുരയുടെ പുറത്തേയ്ക്ക് വീഴാന്‍ തുടങ്ങി. ജോനോ ദൂരേയ്ക്ക് എടുത്ത് ചാടി, പിന്നെ മുടന്തി മുടന്തി എന്റെ അടുത്തേയ്ക്ക് വന്നു.

ഞങ്ങളുടെ മുന്നില്‍ കാലിപ്പുര നിലം‌പൊത്തി. ഞാന്‍ തറയില്‍ കുത്തിയിരുന്നു. ജോനോ കരഞ്ഞുകൊണ്ട് വീടിനകത്തേയ്ക്ക് കയറിപ്പോയി. അപ്പോഴും മഴ പെയ്തുകൊണ്ടേയിരുന്നു.

ഞാന്‍ വീണ്ടും റാന്തല്‍ കത്തിച്ച് മരക്കൊമ്പുകള്‍ക്കിടയിലൂടെ കാലിപ്പുരയ്ക്കകത്ത് ഇറങ്ങി. തറയില്‍ വെള്ളം കെട്ടി നില്‍ക്കുന്നു. കുതിര്‍ന്ന വയ്ക്കോല്‍ കഷണങ്ങള്‍‍ കാലില്‍ ചുറ്റി. ഞാന്‍ മരക്കൊമ്പുകള്‍ക്കിടയിലൂടെ തട്ടിത്തടഞ്ഞ് മുന്നോട്ട് നടന്നു. എന്റെ ചിന്തകള്‍ കാലികളെക്കുറിച്ച് മാത്രമായിരുന്നു. ഇതുപോലെ മഴ പെയ്ത ഒരു രാത്രിയായിരുന്നു എന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിയത്. അന്ന് ഒഴുകിവന്ന മഴവെള്ളം കാലിപ്പുരയോടൊപ്പം തകര്‍ത്തെറിഞ്ഞത് ജീവിതത്തിന്റെ സൌഭാഗ്യങ്ങളെക്കൂടിയായിരിന്നു.

മരക്കൊമ്പുകള്‍ക്കിടയിലൂടെ കാലിപ്പുരയുടെ ഇനിയും തകര്‍ന്നു വീഴാത്ത ഒരു ചെറിയ ഭാഗത്ത് ഒതുങ്ങിക്കൂടി നില്‍ക്കുന്ന കാലികളെ ഞാന്‍ കണ്ടു. ഭാഗ്യം! അവറ്റകള്‍ക്ക് ഒരു കുഴപ്പവും പറ്റിയിട്ടില്ല. ആശ്വാസത്തോടെ ഞാന്‍ തിരികെ ജോനോയുടെ അടുത്തേയ്ക്ക് പോയി.

അപ്പോഴേയ്ക്കും ശബ്ദം കേട്ട് പുല്‍‌പ്രദേശത്തെ മറ്റു മേച്ചില്‍ക്കാര്‍ എത്തിക്കഴിഞ്ഞിരുന്നു. അവര്‍ മരക്കൊമ്പുകള്‍ വെട്ടി മുറിയ്ക്കാന്‍ തുടങ്ങി. ഞാന്‍ അവരോടൊപ്പം കൂടി മരക്കൊമ്പുകള്‍ ചുമന്നു മാറ്റിയിട്ടുകൊണ്ടിരുന്നു.

ഇപ്പോള്‍ ആ കൂറ്റന്‍ സില്‍‌വര്‍ ഓക്ക് മരം നിന്നിരുന്ന സ്ഥലം ഏറെക്കുറെ ശൂന്യമായി. മുറ്റത്തിന്റെ അരികില്‍ മരക്കൊമ്പുകളുടെ ഒരു കൂമ്പാരം ഉയര്‍ന്നു കഴിഞ്ഞു.

ഒരു വിശ്രമം അനിവാര്യമായിരുന്നു. എല്ലാവരും വീടിനകത്തേയ്ക്ക് പോയി. പണിക്കാര്‍ നെരിപ്പോട് കത്തിച്ചു. അവര്‍ അരയിലെ പൊതിയില്‍ നിന്നും ബീഡി എടുത്ത് അവയില്‍ അമൃതാഞ്ചന്‍ പുരട്ടി അതിനെ തീയില്‍ കാണിച്ച് ഉണക്കാന്‍ തുടങ്ങി. അപ്പോഴേയ്ക്കും ജോനോ ചായയുമായി വന്നു. അവര്‍ ചായ കുടിച്ച് ഇടയ്ക്ക് ഉണങ്ങിത്തുടങ്ങിയ ബീഡിയും പുകച്ച് എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു.

രാത്രിയോടൊപ്പം മഴയുടെ ശക്തിയും ഏറി വന്നു. കനമേറിയ മഴത്തുള്ളികള്‍ മേല്‍ക്കൂരയിലേയ്ക്ക് വീണു. മഴവെള്ളം ചാലുകളായി മുറ്റത്ത് കൂടി ഒഴുകിക്കൊണ്ടേയിരുന്നു.

36 comments:

ശ്രീ said...

കുറേ നാളുകള്‍ക്കു ശേഷമാണല്ലോ ശിവാ, ഏഴാം ഭാഗം വരുന്നത്.

ഇത്രയും ഗ്യാപ് വേണോ? എങ്കിലും എഴുത്തിലെ ഒഴുക്ക് നഷ്ടമാകുന്നില്ല. തുടരൂ... :)

കാപ്പിലാന്‍ said...

ഡയറി മടങ്ങി എത്തിയതില്‍ സന്തോഷം ശിവ

പാവത്താൻ said...

കൊടുംകാറ്റില്‍ ഉലഞ്ഞും പെരുമഴ നനഞ്ഞും, പെടന്നു വീണ സില്‍‌വര്‍ ഓക്കിന്റെ ചില്ലകള്‍ക്കിടയിലൂടെ കാലിപ്പുരയിലിരങ്ങി അവ സുരക്ഷിതരാണെന്നുറപ്പു വരുത്തി, വെട്ടി മുരിച്ച മരക്കഷണങ്ങള്‍ ചുമന്നു മാറ്റി ഞാനും ക്ഷീണിച്ചിരിക്കുന്നു. ഇനിയൊരു ബീഡിയില്‍ അമൃതാഞ്ജന്‍ പുരട്ടി വലിച്ചും ജോനോ കൊണ്ടു വന്ന ചായ കുടിച്ചും വിശ്രമിക്കട്ടെ.എല്ലാം അനുഭവിച്ചു. ആശംസകള്‍.

അനില്‍@ബ്ലോഗ് // anil said...

ശിവനെ,
തിരികെ എത്തിയല്ലെ?
നന്നായിട്ടുണ്ട്, ആ സില്വര്‍ ഓക്ക് മരം വീഴുന്നത് ഞാന്‍ കാണുന്നു.

ചാണക്യന്‍ said...

ശിവാ,
ചിന്നഹള്ളിയിലെ തണുത്ത രാത്രികള്‍ വായിക്കാന്‍ പ്രത്യേകിച്ചൊരു ഹരമാ....
വീണ്ടും വന്നല്ലോ കൂട്ടുകാരാ ആ കഥകളുമായി....ഏറെ നന്ദീണ്ട്....തുടരുക...

ഓടോ: ചിന്നഹള്ളിയില്‍ എന്നെ കൊണ്ടു പോകാമെന്ന് പറഞ്ഞിരുന്നു, ഇയാള്‍ വാക്ക് പാലിച്ചില്ലാ‍ാ‍ാ‍ാ‍ാ‍ാ.:):):)

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ശിവ,ജോറാകുന്നുണ്ട് ചിന്നഹള്ളി കഥകള്‍.
ആശംസകള്‍.......

shajkumar said...

continue sivaaa

sarithakrishnan said...

ശിവ ഒരിക്കലും എഴുത്തിന്റെ ഇടവേളകള്‍ ഇത്രയും
നീട്ടരുതെ....എഴുത്തിന്റെ ഒഴുക്ക് ഇല്ലാതാവും.
പക്ഷെ തന്റെ കാര്യത്തില്‍ അത് ഉണ്ടായില്ല കേട്ടോ .

അരുണ്‍ കായംകുളം said...

ശിവാ,
മനസ്സ് നിറഞ്ഞു.ആദ്യം മുതലേ ഞാനിവിടെ ഉണ്ടായിരുന്നു.വാക്കുകളിലെ മനോഹാരിത മനസിലാക്കാന്‍, വരികളിലെ വാചാലത ഉള്‍ക്കൊള്ളാന്‍, അക്ഷരങ്ങളിലെ അത്ഭുതങ്ങളില്‍ വിസ്മയപ്പെടാന്‍..
എന്നിട്ടും എന്തേ ഈ താമസം?
ദുഃഖങ്ങള്‍ മാറി സന്തോഷത്തിന്‍റെ വേളയിലല്ലേ?
:)
നന്നായിരിക്കുന്നു ശിവാ..
ആസ്വദിച്ചു:)

Radhakrishnan said...

കൊള്ളാം ശിവ ആശംസകള്‍ ...

ramanika said...

ശിവയുടെ ചിത്രങ്ങള്‍ പോലെ ഇതും മനോഹരം!

B Shihab said...

നന്നായിരിക്കുന്നു

OAB/ഒഎബി said...

പെണ്ണ് കെട്ട്യാ കാല് കെട്ടി എന്ന് പണ്ടുള്ളവർ പറയുമായിരുന്നു. ഇവിടെ ഒരാൾ കൈ കെട്ടിയിരുന്നൊ എന്നൊരു സംശയം ഇതു വരെ ഉണ്ടായിരുന്നു. അത് ഇതോടെ മാറിക്കിട്ടി :):)

നല്ല വരികൾ. ഇനി ഇത്രയും ഗേപ്പ് ഞങ്ങൾക്കുണ്ടാക്കതിരിക്കാൻ ശ്രമിക്കുക.

മാണിക്യം said...

വാക്കു കൊണ്ട് ചിത്രം വരക്കുന്ന് ശിവ
മഴയില്‍ നിലപൊത്തിയ ആ
സില്‍‌വര്‍ഓക്കുമരത്തിന്റെ കീഴെ
ഞാനും കാലികള്‍ക്കൊപ്പം ഒതുങ്ങിക്കൂടി ..
വായിക്കുമ്പോള്‍ വായനക്കരനെ അതിന്റെ തന്നെ ഒരു ഭാഗമാക്കാന്‍ പോന്ന ശൈലി അഭിനന്ദനീയം

ബിന്ദു കെ പി said...

നന്നായി ശിവാ.. ചിന്നഹള്ളിയിലെ തണുത്ത രാത്രികൾ വായിക്കുമ്പോഴൊരു പ്രത്യേക സുഖമാണ്...

ഗീത said...

ഈ പോസ്റ്റുകള്‍ വായിക്കാന്‍ വലിയ ഇഷ്ടമാണ്. കുറേ നാള്‍ എവിടെപ്പോയിരുന്നു?
ശിവയ്ക്ക് കാലികളോടുള്ള ആ സ്നേഹം - മനസ്സു നിറച്ചു.

smitha adharsh said...

വായിച്ചു...ആ പതിവ് വായനാ സുഖം കിട്ടി കേട്ടോ..
എന്നാലും ഇത്ര ദീര്‍ഘമായ ഇടവേള എഴുത്തിനിടയില്‍ വേണോ?

ശ്രീഇടമൺ said...

വീണ്ടും ചിന്നഹള്ളി ഡയറി തുറന്നു അല്ലേ...!
വളരെ സന്തോഷം...
അന്നും
ഇന്നും
എന്നും
ചിന്നഹള്ളി ഡയറി വായിക്കാന്‍ ഒരു പ്രത്തേക സുഖം തന്നെ...
തുടരുക...
ഇടവേളകളില്ലാതെ...
:)

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ശിവാ.. ചിന്നഹള്ളിയിൽ ഞാൻ അടുത്ത ദിവസം വന്ന് മടങ്ങിയിരുന്നു. പോസ്റ്റൊന്നും കണ്ടില്ല. ഇപ്പോൾ രണ്ടാമതും എഴുതി കണ്ടതിൽ സന്തോഷം. ഒരു തിരക്കഥ പോലെ മനോഹരം.. . അഭിനന്ദനങ്ങൾ

ഞാന്‍ ആചാര്യന്‍ said...

ഇരുളും മഴയും കുഴയുന്നത്.. ദൂരെ മമ് വീഴുന്നത്.. എല്ലാം ഇട്ടെറിഞ്ഞ് ചിന്നഹള്ളിയില്‍ പോയി സമാധിയായാലോ എന്ന് തോന്നിപ്പോകുന്നു. പൊന്മുടിയിലും, മൂന്നാറിലെ ഇന്‍ഡോ സ്വിസിലും നെല്ലിയാമ്പതിയിലും ഇങ്ങനെ തോന്നിയിട്ടുണ്ട്

അനൂപ്‌ കോതനല്ലൂര്‍ said...

എന്റെ ശിവ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.
മനസ്സിൽ ചിന്നഹള്ളിയിലെ ആ തണുത്ത പ്രഭാത രശ്മികൾ
തട്ടുതലോടി കടന്നു പോകുന്നതു പോലെ
എന്റെ മാഷെ ഇതു പുസ്തകമാക്കു

Areekkodan | അരീക്കോടന്‍ said...

പതിവ് വായനാ സുഖം കിട്ടി ..

jayanEvoor said...

ആദ്യമായാണ്‌ ഇവിടെയെത്തിയത്..... വ്യത്യസ്തമായ ഒരു ബ്ലോഗ്...

ഇനിയും വരാം.....!

കണ്ണനുണ്ണി said...

ശിവ ഈ ബ്ലോഗ്ഗില്‍ ഞാന്‍ എത്തുന്നത്‌ ആദ്യം... അതിമനോഹരമായ ആഖ്യാനം ആണ് ട്ടോ...
മുന്‍ പോസ്റ്റുകള്‍ കൂടെ വായിക്കണം

ഹരിത് said...

മനോഹരം:)

Typist | എഴുത്തുകാരി said...

എന്തോ ഒരു സുഖം ഇതു വായിക്കുമ്പോള്‍. ഇത്ര ഇടവേള വേണ്ടാ ശിവാ.

വിജയലക്ഷ്മി said...

valare nalla aakhyaana shyli..nalla post...aashamsakal!!

Sureshkumar Punjhayil said...

Rathrikalkku sharikkum choodu koodunnu... Manoharamakunnu.. thudaruka...!

Ashamsakal...!!!

the man to walk with said...

veendum chinnahalliyude..manoharithayumaayi

raadha said...

പല പ്രാവശ്യം എത്തി നോക്കിയപ്പോഴും ഇവിടെ പുതുതായി ഒന്നും കണ്ടില്ല..ഡയറി കുറിപ്പുകള്‍ ഇനിയും വരും എന്ന പ്രതീക്ഷയോടെ വീണ്ടും വന്ന എന്നെ നിരാശപ്പെടുത്തിയില്ല..
നന്നായിരിക്കുന്നു...അതേ ഒഴുക്കുള്ള എഴുത്ത്..മനോഹരം!

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ചിന്നഹള്ളിയിലെ തണുത്ത രാത്രികളിലേക്ക് വീണ്ടും കണ്ണും നട്ടിരിക്കുന്നു

poonilaavu said...

ആദ്യമായാണ് ഇവിടെ.. കൊള്ളാം ഞാന്‍ വീണ്ടും വരും..

Patchikutty said...

ആദ്യമായാണ്‌ ഇവിടെയെത്തിയത്... eathan othiri vaiki poyi ennum thonni... nalla vayana sugham ulla sahily . daivam anugrahikkatte

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ചിന്നഹള്ളി ഡയറി മുഴുവൻ ഒറ്റയിരുപ്പിനു വായിച്ചു.എന്റെ ഈ ദിവസത്തെ ജീവിതത്തിന് അർത്ഥമുണ്ടായി.ശിവയ്ക്ക് നന്ദി.

Jijo said...

"മഴയുടെ മണമുള്ള ഒരു തണുത്ത കാറ്റ് ഞങ്ങളെ കടന്നുപോയി", "കുതിര്‍ന്ന വയ്ക്കോല്‍ കഷണങ്ങള്‍‍ കാലില്‍ ചുറ്റി'. വാക്കുകൾ  ചിത്രങ്ങളും, പിന്നെ അനുഭവങ്ങളുമാകുന്നത് ഇപ്പോഴത്തെ എഴുത്തുകാരിൽ അത്യപൂർവ്വം. അതി മനോഹരം. എങ്ങിനെ എഴുതണമെന്ന് പഠിപ്പിക്കുന്ന കുറിപ്പ്. നന്ദി.

പച്ചമനുഷ്യൻ said...

ശക്തമായ കാറ്റും മഴയുമായി രാത്രി വന്നു. സില്‍‌വര്‍ ഓക്ക് മരങ്ങള്‍ ഇലകള്‍ താഴ്ത്തി നിന്നു. മലകളും താഴ്വരയും പുല്‍‌പ്രദേശവുമെല്ലാം ഇരുളില്‍ മഴയില്‍ കുതിര്‍ന്ന് നിശ്ശബ്ദം നിന്നു. ഒരുകൂട്ടം മരപ്പട്ടികള്‍ സില്‍‌വര്‍ ഓക്ക് മരങ്ങളില്‍കൂടി ചാടി ദൂരേയ്ക്ക് പോയി....

നല്ലപൊലെ ഫീൽ ചെയ്യുന്നുണ്ട്..

Post a Comment

 
 
Copyright © ചിന്നഹള്ളി ഡയറി