Tuesday, November 10, 2009

ആറ്

ചിന്നഹള്ളിയില്‍ ഇപ്പോള്‍ ഇലപൊഴിയും കാലം.

കാപ്പിത്തോട്ടങ്ങള്‍ക്കുമപ്പുറം അബ്ബാനിലെ മൊട്ടക്കുന്നുകള്‍ക്ക് പിന്നിലായി ശരത്കാലസൂര്യന്‍ മറഞ്ഞു കഴിഞ്ഞിരുന്നു. മലമുകളിലെ മൂടല്‍മഞ്ഞ് മുളങ്കാടുകളിലേയ്ക്കും അവിടെ നിന്ന് വയലേലകള്‍ക്കു മുകളിലൂടെ കാപ്പിത്തോട്ടങ്ങളിലേയ്ക്കും വ്യാപിക്കാന്‍ തുടങ്ങി. ഇപ്പോള്‍ എനിക്കു ചുറ്റും ഓറഞ്ചു തോട്ടങ്ങളില്‍ മഞ്ഞ് മഴ പോലെ പെയ്യുന്നു. ഓറഞ്ചുമരക്കൊമ്പുകളിലെ പച്ചപ്പൂപ്പലുകളില്‍ മഞ്ഞുതുള്ളികള്‍ പറ്റി നിന്നു.

ഒരിക്കല്‍ കൂടി മഗ്ഗിയിലെ സെന്റ് ഫ്രാന്‍സിസ് ദേവാലയ സെമിത്തേരിയിലേക്ക്‌ ഞാന്‍ നടന്നു പോയി. ചമതവൃക്ഷത്തലപ്പുകള്‍ക്കു താഴെ ‍സെമിത്തേരിക്ക്‌ നിശ്ശബ്ദസൗന്ദര്യമായിരുന്നു.

കല്ലുകള്‍ അടുക്കിക്കെട്ടിയ കല്ലറകളില്‍ ചമതപ്പൂക്കള്‍ വീണു കിടന്നു. അണഞ്ഞ മെഴുകുതിരികള്‍ ആരുടെയൊക്കെയോ സ്നേഹത്തിന്റെ ബാക്കിയായി കല്ലറകളില്‍ അവശേഷിച്ചു. ഉറ്റവരുടെ സ്നേഹനൊമ്പരങ്ങള്‍ കാത്ത്‌ ആത്മാക്കള്‍ വിശ്രമിക്കുന്ന മഗ്ഗിയിലെ ഈ നിശ്ശബ്ദഭൂമി എല്ലായ്പ്പോഴും എനിക്കു പ്രിയപ്പെട്ടതായിരുന്നു.

സെമിത്തേരിയ്ക്കും അപ്പുറം മഗ്ഗിയിലെ തെരുവുകളാണ്. ശൈത്യശരത്കാലദിനങ്ങളില്‍ ഈ തെരുവുകള്‍ക്ക് ഓറഞ്ചുമണമായിരിക്കും. സന്ധ്യക്ക് ശേഷം മാത്രമായിരുന്നു മഗ്ഗിയിലെ തെരുവുകച്ചവടം. സമീപപ്രദേശങ്ങളില്‍ നിന്നുമുള്ള ആളുകള്‍ എല്ലാ വൈകുന്നേരങ്ങളിലും ഇവിടെ കൂടാറുണ്ട്. ഒടുവില്‍ രാത്രി ഏറെ ആകുമ്പോള്‍ കച്ചവടം അവസാനിപ്പിച്ച്, നാട്ടുവിശേഷങ്ങളും സൌഹൃദങ്ങളും പങ്കുവച്ച് അവര്‍ പിരിഞ്ഞുപോകും.

തിരികെ കാലിപ്പുരയിലെത്തുമ്പോള്‍ കാളിമുത്തു തറയില്‍ കുത്തിയിരുന്ന് ഒരു പഴയ പാനീസുവിളക്ക് കത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. ഒടുവില്‍ നേരിയ മഞ്ഞ വെളിച്ചത്തോടെ അത് പ്രകാശിച്ചു. അതിന്റെ വെളിച്ചത്തില്‍ അവന്‍ തോക്ക് നിറയ്ക്കാന്‍ തുടങ്ങി. തോക്കിന്‍ കുഴല്‍ നിറയ്ക്കുന്നത് ശ്രമകരമായ ഒരു ജോലി തന്നെ ആയിരുന്നു. ചകിരിയും വെടിമരുന്നും ഇടവിട്ട് തോക്കിന്‍ കുഴലിലേയ്ക്ക് നേര്‍ത്ത് കമ്പി ഉപയോഗിച്ച് കുത്തിയിറക്കും. കുഴല്‍ നിറയാറാകുമ്പോള്‍ വെടിയുണ്ട കുഴലിനകത്ത് വച്ച് കുറച്ച് ചകിരി കൂടി കുത്തിയിറക്കും. ഈ ശ്രമങ്ങള്‍ക്കിടയില്‍ എപ്പോഴെങ്കിലും മര്‍ദ്ദവ്യത്യാസം വന്നാല്‍ തോക്ക് പൊട്ടിത്തെറിക്കും. ഞങ്ങളില്‍ കാളിമുത്തു മാത്രമേ അത് ചെയ്യുമായിരുന്നുള്ളൂ. അതില്‍ അവന്‍ അഭിമാനിക്കുകയും ചെയ്തിരുന്നു.

പുറത്ത് നായകള്‍ കുരച്ച് ബഹളം വച്ചു. എന്തിനെയോ പിന്തുടരുന്നതുപോലെ അവ കുരച്ചുകൊണ്ട് ഓറഞ്ചുതോട്ടങ്ങളുടെ ഭാഗത്തേയ്ക്കും അവിടെ നിന്ന് കാടിന്റെ അതിര്‍ത്തി വരേയ്ക്കും പോയ്ക്കൊണ്ടിരുന്നു. അസ്വാഭാവികമായതെന്തോ സംഭവിക്കുന്നുണ്ടായിരുന്നു.

ഞാന്‍ റാന്തലുമെടുത്ത് പുറത്തേയ്ക്കു വന്നു. ചുറ്റും പുകമഞ്ഞ് മാത്രം. എല്ലാം അവ്യക്തം. മുറ്റത്തെ സില്‍‌വര്‍ ഓക്ക് മരങ്ങളെ ഉലച്ചു കൊണ്ട് ഒരു കൂട്ടം മരപ്പട്ടികള്‍ പരിഭ്രാന്തരായി കാപ്പിത്തോട്ടങ്ങളിലേയ്ക്ക് ഓടിപ്പോയി.

അപ്പോഴേയ്ക്കും ജോനോയും അവിടെ എത്തിക്കഴിഞ്ഞിരുന്നു. അബ്ബാനിലെ മലയിലേയ്ക്ക് അപരിചിതരായ ചില ആളുകള്‍ നടന്നു കയറിപ്പോയതായി അവന്‍ പറഞ്ഞു. മഗ്ഗിയില്‍ പോയി തിരികെ വരികയായിരുന്ന ലംബാനി സ്ത്രീകളാണ് അവനോട് അക്കാര്യം പറഞ്ഞത്.

മലമുകളിലെ പുല്‍‌പ്രദേശങ്ങളില്‍ നിന്നും കാലികളെ മോഷ്ടിച്ചുപോകുന്ന ചില ആളുകള്‍ ബാലുപ്പേട്ടയിലും സമീപപ്രദേശങ്ങളിലും ഉണ്ട്. കുറച്ചു നാളുകള്‍ക്കു മുമ്പ് മേച്ചില്‍‌ക്കാരെ ഭീഷണിപ്പെടുത്തി ഒരു കൂട്ടം കാലികളെ അവര്‍ കടത്തിക്കൊണ്ടുപോയിരുന്നു. അടിവാരത്തുനിന്നും വാഹങ്ങളില്‍ കയറ്റി അവയെ ദൂരസ്ഥലങ്ങളിലേയ്ക്ക് കൊണ്ടുപോകും.

ശരത്കാലമായതിനാല്‍ മിക്കവാറും എല്ലാ മേച്ചില്‍‌ക്കാരും കാലികളെയും കൂട്ടി താഴ്വരയിലെ പുല്‍‌പ്രദേശത്ത് എത്തിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. എന്നാല്‍ കിടാക്കള്‍ അധികമുള്ള മേച്ചില്‍ക്കാര്‍ ഇനിയും വൈകും. അവരാകട്ടെ രാത്രികാലങ്ങളില്‍ മലയുടെ പല ഭാഗത്തായിരിക്കും.

ഈ രാത്രി മല കയറി ഒറ്റപ്പെട്ടുപോയ മേച്ചില്‍ക്കാരെ കണ്ടെത്തിയേ മതിയാകൂ. പുല്‍‌പ്രദേശത്തെ എല്ലാ മേച്ചില്‍ക്കാരും മലയിലേയ്ക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്നു. എല്ലാവരും കൂടി മലയില്‍ പോയാല്‍ ഇവിടുത്തെ കാലികളെ ആരു നോക്കും. ഒടുവില്‍ ഞാനും, കാളിമുത്തുവും, ജോനോയും മലയിലേയ്ക്ക് പോകാന്‍ തീരുമാനമായി. പാണ്ടപ്പ, മൂര്‍ത്തി, മണിമുത്തു, രാമപ്പ എന്നിവരാണ് കാലികളോടൊപ്പം മലയിലുള്ളതെന്ന് മേച്ചില്‍ക്കാരില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.

റാന്തലുകള്‍, മണ്ണെണ്ണ, സില്‍‌വര്‍ ഓക്കിന്റെ ഉണങ്ങിയ കമ്പുകള്‍, നീളമേറിയ കത്തികള്‍, തോക്ക്, രണ്ടോ മൂന്നോ നാളത്തേയ്ക്കുള്ള ഭക്ഷണം അങ്ങനെ പലതും കരുതിവച്ചു വേണം മലകയറാന്‍.

മലയിലേയ്ക്ക് നടന്നു കയറുമ്പോള്‍ ഓറഞ്ചുതോട്ടങ്ങള്‍ ഇരുള്‍ വീണ് മൂകമായിക്കഴിഞ്ഞിരുന്നു. ഇലപൊഴിഞ്ഞ സില്‍‌വര്‍ ഓക്ക് മരങ്ങള്‍ക്ക് മുകളിലായി ചന്ദ്രബിംബം ഉയര്‍ന്നുവരാന്‍ തുടങ്ങി. അടുത്തെവിടെയോ സില്‍‌വര്‍ ഓക്ക് മരത്തില്‍ നിന്ന് ഒരു പക്ഷി ചിറകടിച്ചു കരഞ്ഞുകൊണ്ട് പറന്നു പോയി.

മലയിലേയ്ക്കുള്ള ഒറ്റയടിപ്പാത നനഞ്ഞുകുതിര്‍ന്നു കിടന്നു. ചീവീടുകളുടെ ഒച്ച അസഹനീയമായി തോ ന്നി. ഇപ്പോഴും ഇടയ്ക്കൊക്കെ ഗ്രാമത്തിന്റെ ഭാഗത്തുനിന്നും നായകളുടെ കുരശബ്ദം കേള്‍ക്കാം.

മൊട്ടക്കുന്നുകള്‍ അവസാനിച്ച് കാട് തുടങ്ങുന്ന ഭാഗം എത്തിയപ്പോള്‍ ദൂരെ പാറക്കൂട്ടങ്ങളുടെ ഭാഗത്തായി കൂട്ടം കൂടി നില്‍ക്കുന്ന കാലികളെ നിലാവില്‍ അവ്യക്തമായി കാണാം. ഞങ്ങള്‍ അവിടേയ്ക്ക് നടന്നു.

നായകള്‍ കുരച്ചുകൊണ്ട് ഞങ്ങളുടെ അടുത്തേയ്ക്ക് ഓടി വന്നു. ഞങ്ങളെ തിരിച്ചറിഞ്ഞ അവ വാലാട്ടി നിന്നു. പിന്നാലെ കത്തിച്ച പന്തങ്ങളുമായി മേച്ചില്‍ക്കാരും ഓടിയെത്തി. പാണ്ടപ്പ, മൂര്‍ത്തി, മണിമുത്തു, എന്നിവരായിരുന്നു ആ മേച്ചില്‍ക്കാര്‍. ഞങ്ങളെ ആ സമയത്ത് അവിടെ കണ്ടതില്‍ അവര്‍ക്ക് അത്ഭുതം തോന്നി.

ഞങ്ങളെ അവര്‍ തീയുടെ അടുത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഉണങ്ങിയ ഇറച്ചിക്കഷ്ണങ്ങളില്‍ മുളകും ഉപ്പും പുരട്ടി തീയില്‍ കാണിച്ച് ചൂടാക്കി അവര്‍ ഞങ്ങള്‍ക്ക് തന്നു. ലംബാനി സ്ത്രീകള്‍ പറഞ്ഞ അപരിചിതരുടെ കാര്യം ഞാന്‍ അവരോട് പറഞ്ഞു. എന്നാല്‍ മലയില്‍ അന്നു രാത്രി അസ്വാഭാവികമായി ഒന്നും തന്നെ കണ്ടില്ല എന്ന് അവര്‍ പറഞ്ഞു. നായകള്‍ പോലും പൊതുവെ ഇന്ന് ശാന്തരായിരുന്നുവെന്ന് മൂര്‍ത്തി പറഞ്ഞു. രാമപ്പയും അവന്റെ കാലികളും മലയുടെ അങ്ങേവശത്താണെന്നും അവന്‍ പറഞ്ഞു.

അല്പസമയത്തിനുശേഷം ഞങ്ങള്‍ രാമപ്പയെ തിരക്കിയിറങ്ങി. മലമുകളില്‍ മൂടല്‍മഞ്ഞ് കനക്കുന്നുണ്ടായിരുന്നു . പാനീസ് വിളക്കിന്റെ മഞ്ഞവെളിച്ചം തീരെ അവ്യക്തമായി. ഒടുവില്‍ മലഞ്ചെരുവിലെ മുള്‍ക്കാടുകളില്‍ നിന്ന് ഒരു മനുഷ്യന്റെ ഞരക്കം ഞങ്ങള്‍ കേട്ടു. ഏറെ നേരത്തെ തിരച്ചിലിനു ശേഷം മുള്‍പ്പടര്‍പ്പുകള്‍ക്കിടയില്‍ നിന്നും ഞങ്ങള്‍ രാമപ്പയെ കണ്ടെത്തി. മോഷ്ടാക്കള്‍ അവനെ തൂക്കി മുള്‍ക്കാട്ടിലേയ്ക്ക് എറിഞ്ഞിട്ട് കാലികളെയും കൊണ്ട് മലയിറങ്ങിപ്പോയിക്കഴിഞ്ഞിരുന്നു.

രാമപ്പയെ മൂര്‍ത്തിയെ ഏല്‍പ്പിച്ച്, മോഷ്ടാക്കള്‍‍ പോയ ദിക്കിലൂടെ ഞങ്ങള്‍ അതിവേഗം നടന്നിറങ്ങി. മലയിറങ്ങി താഴെ നിരപ്പായ റോഡിലെത്തുമ്പോഴേയ്ക്കും കുറച്ചകലെയായി വാഹനങ്ങള്‍ കടന്നുപോകുന്ന നേരിയ ഒച്ച കേള്‍ക്കാമായിരുന്നു. രാമപ്പയുടെ കാലികളെയും കൊണ്ട് അവര്‍ പോയ്ക്കഴിഞ്ഞിരുന്നു.

Thursday, August 6, 2009

അഞ്ച്

ആ സന്ധ്യ വല്ലാതെ നിശബ്ദമായിരുന്നു. മൂടല്‍മഞ്ഞ് ചിന്നഹള്ളിയിലെ താഴ്വരയെ പൊതിഞ്ഞു. പാര്‍വതീബറ്റയിലെ കല്‍‌വിളക്കുകളില്‍ ദീപം തെളിയിച്ചിരിക്കുന്നത് തെല്ലകലെയായി കാണാം.

ജോനോ റാന്തല്‍ കത്തിച്ചു. ‍ ‍മുറ്റത്തെ കാലിത്തൊട്ടികള്‍ വൃത്തിയാക്കി. അവയില്‍ കുതിര്‍ത്ത നിലക്കടല നിറച്ചു. അപ്പോഴേയ്ക്കും തോട്ടങ്ങളില്‍ മേയാന്‍ പോയിരുന്ന കാലികള്‍ തിരികെയെത്താന്‍ തുടങ്ങി. മുറ്റത്തെ കാലിത്തൊട്ടികളില്‍ തലയിടാന്‍ അവ മത്സരിച്ചു.

പാര്‍വതീബറ്റയിലെ നേര്‍ച്ചക്കാളയായ ശംഭു തിരക്കില്‍ നിന്നു മാറി നില്‍പ്പുണ്ടായിരുന്നു. ബാലുപ്പേട്ടയിലെ ധനികനായ മല്ലികാര്‍ജ്ജുനന് നവിലഹള്ളിയില്‍ അനേകം ഏക്കര്‍ നെല്‍പ്പാടങ്ങളും കാപ്പിത്തോട്ടങ്ങളും ഓറഞ്ചു തോട്ടങ്ങളും ഉണ്ട്. അയാള്‍ പാര്‍വതീബറ്റയില്‍ നടയ്ക്കിരുത്തിയതാണ് ശംഭുവിനെ. അവന് അസാധാരണ വലിപ്പമുള്ള തിമിളും കൊമ്പും ഉണ്ടായിരുന്നു. ഞങ്ങളുടെ കാലികള്‍ക്കൊപ്പം വിശാലമായ പുല്‍‌പ്രദേശങ്ങളില്‍ മേഞ്ഞു നടക്കാനും അരുവിയിലെ തണുത്ത വെള്ളം കുടിയ്ക്കാനും കാപ്പിച്ചെടികള്‍ക്കു താഴെ വിശ്രമിക്കാനും അവന്‍ ഏറെ ഇഷ്ടപ്പെട്ടു. തിരികെ പാര്‍വതീബറ്റയിലേക്ക് പോകാന്‍ അവനു തെല്ലും താല്പര്യമില്ലായിരുന്നു. അവന്റെ ഈ താല്പര്യക്കുറവ് പലപ്പോഴും ഞങ്ങളെ കൊണ്ടു ചെന്നെത്തിക്കുന്നത് വലിയ സങ്കടങ്ങളിലേക്കായിരുന്നു.

ചിന്നഹള്ളിയിലെ കാപ്പിത്തോട്ടങ്ങളില്‍ പണികഴിഞ്ഞ് ഒരുകൂട്ടം ലംബാനികള്‍ താഴെ ഓറഞ്ചുതോട്ടങ്ങള്‍ക്കിടയിലെ വഴിയിലൂടെ അബ്ബാനിലെ ഗ്രാമത്തിലേയ്ക്ക് നടന്നുപോയി. ഒരു മിന്നല്‍ പിണര്‍ പുല്‍‌പ്രദേശത്തെ ഭേദിച്ച് ഭൂമിയിലേയ്ക്ക് ആഴ്ന്നിറങ്ങി. ഇടിമുഴക്കത്തില്‍ താഴ്വര വിറകൊണ്ടു. നായ നിലവിളിച്ചുകൊണ്ട് ദൂരേയ്ക്ക് ഓടിപ്പോയി. മഴയുടെ മണമുള്ള ഒരു തണുത്ത കാറ്റ് ഞങ്ങളെ കടന്നുപോയി.

ശക്തമായ കാറ്റും മഴയുമായി രാത്രി വന്നു. സില്‍‌വര്‍ ഓക്ക് മരങ്ങള്‍ ഇലകള്‍ താഴ്ത്തി നിന്നു. മലകളും താഴ്വരയും പുല്‍‌പ്രദേശവുമെല്ലാം ഇരുളില്‍ മഴയില്‍ കുതിര്‍ന്ന് നിശ്ശബ്ദം നിന്നു. ഒരുകൂട്ടം മരപ്പട്ടികള്‍ സില്‍‌വര്‍ ഓക്ക് മരങ്ങളില്‍കൂടി ചാടി ദൂരേയ്ക്ക് പോയി.

കാറ്റ് മരങ്ങളെ ചുഴറ്റി വീശിക്കൊണ്ടിരുന്നു. താഴ്വരയിലെവിടെയോ ഒരു മരം കടപുഴകിവീഴുന്ന ശബ്ദം ഉച്ചത്തില്‍ കേട്ടു. സില്‍‌വര്‍ ഓക്ക് മരത്തിന്റെ കൊമ്പുകള്‍ കാറ്റില്‍ ഒടിഞ്ഞ് താഴ്വാരത്തേയ്ക്ക് പറന്നു പോയി.

വലിയൊരു സില്‍‌വര്‍ ഓക്ക് മരം ഒച്ചയോടെ കാലിപ്പുരയുടെ പുറത്തേയ്ക്ക് ചാഞ്ഞു വന്നു. ഒരു മരച്ചില്ല വീടിന്റെ ജനാലച്ചില്ല് തകര്‍ത്ത് അകത്തേയ്ക്ക് കയറി. മരം കാലിപ്പുരയുടെ മുകളിലായി അങ്ങനെ തന്നെ ചാഞ്ഞു നിന്നു. ജോനോ കയറുമായി ഓടി വന്നു. കയര്‍ കെട്ടി മരത്തിനെ താങ്ങി നിറുത്തി ചെറിയ കഷണങ്ങളായി മുറിച്ചുമാറ്റാനായിരുന്നു ഞങ്ങളുടെ ശ്രമം. മഴയില്‍ റാന്തലുകള്‍ അണഞ്ഞു. ജോനോ ഒരു കോടാലിയുമായി മരത്തിലേയ്ക്ക് പതിയെ കയറാന്‍ തുടങ്ങി. ഞങ്ങളുടെ ശ്രമം വിജയിച്ചില്ല. കയര്‍ പൊട്ടി. മരം പതിയെ പതിയെ കാലിപ്പുരയുടെ പുറത്തേയ്ക്ക് വീഴാന്‍ തുടങ്ങി. ജോനോ ദൂരേയ്ക്ക് എടുത്ത് ചാടി, പിന്നെ മുടന്തി മുടന്തി എന്റെ അടുത്തേയ്ക്ക് വന്നു.

ഞങ്ങളുടെ മുന്നില്‍ കാലിപ്പുര നിലം‌പൊത്തി. ഞാന്‍ തറയില്‍ കുത്തിയിരുന്നു. ജോനോ കരഞ്ഞുകൊണ്ട് വീടിനകത്തേയ്ക്ക് കയറിപ്പോയി. അപ്പോഴും മഴ പെയ്തുകൊണ്ടേയിരുന്നു.

ഞാന്‍ വീണ്ടും റാന്തല്‍ കത്തിച്ച് മരക്കൊമ്പുകള്‍ക്കിടയിലൂടെ കാലിപ്പുരയ്ക്കകത്ത് ഇറങ്ങി. തറയില്‍ വെള്ളം കെട്ടി നില്‍ക്കുന്നു. കുതിര്‍ന്ന വയ്ക്കോല്‍ കഷണങ്ങള്‍‍ കാലില്‍ ചുറ്റി. ഞാന്‍ മരക്കൊമ്പുകള്‍ക്കിടയിലൂടെ തട്ടിത്തടഞ്ഞ് മുന്നോട്ട് നടന്നു. എന്റെ ചിന്തകള്‍ കാലികളെക്കുറിച്ച് മാത്രമായിരുന്നു. ഇതുപോലെ മഴ പെയ്ത ഒരു രാത്രിയായിരുന്നു എന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിയത്. അന്ന് ഒഴുകിവന്ന മഴവെള്ളം കാലിപ്പുരയോടൊപ്പം തകര്‍ത്തെറിഞ്ഞത് ജീവിതത്തിന്റെ സൌഭാഗ്യങ്ങളെക്കൂടിയായിരിന്നു.

മരക്കൊമ്പുകള്‍ക്കിടയിലൂടെ കാലിപ്പുരയുടെ ഇനിയും തകര്‍ന്നു വീഴാത്ത ഒരു ചെറിയ ഭാഗത്ത് ഒതുങ്ങിക്കൂടി നില്‍ക്കുന്ന കാലികളെ ഞാന്‍ കണ്ടു. ഭാഗ്യം! അവറ്റകള്‍ക്ക് ഒരു കുഴപ്പവും പറ്റിയിട്ടില്ല. ആശ്വാസത്തോടെ ഞാന്‍ തിരികെ ജോനോയുടെ അടുത്തേയ്ക്ക് പോയി.

അപ്പോഴേയ്ക്കും ശബ്ദം കേട്ട് പുല്‍‌പ്രദേശത്തെ മറ്റു മേച്ചില്‍ക്കാര്‍ എത്തിക്കഴിഞ്ഞിരുന്നു. അവര്‍ മരക്കൊമ്പുകള്‍ വെട്ടി മുറിയ്ക്കാന്‍ തുടങ്ങി. ഞാന്‍ അവരോടൊപ്പം കൂടി മരക്കൊമ്പുകള്‍ ചുമന്നു മാറ്റിയിട്ടുകൊണ്ടിരുന്നു.

ഇപ്പോള്‍ ആ കൂറ്റന്‍ സില്‍‌വര്‍ ഓക്ക് മരം നിന്നിരുന്ന സ്ഥലം ഏറെക്കുറെ ശൂന്യമായി. മുറ്റത്തിന്റെ അരികില്‍ മരക്കൊമ്പുകളുടെ ഒരു കൂമ്പാരം ഉയര്‍ന്നു കഴിഞ്ഞു.

ഒരു വിശ്രമം അനിവാര്യമായിരുന്നു. എല്ലാവരും വീടിനകത്തേയ്ക്ക് പോയി. പണിക്കാര്‍ നെരിപ്പോട് കത്തിച്ചു. അവര്‍ അരയിലെ പൊതിയില്‍ നിന്നും ബീഡി എടുത്ത് അവയില്‍ അമൃതാഞ്ചന്‍ പുരട്ടി അതിനെ തീയില്‍ കാണിച്ച് ഉണക്കാന്‍ തുടങ്ങി. അപ്പോഴേയ്ക്കും ജോനോ ചായയുമായി വന്നു. അവര്‍ ചായ കുടിച്ച് ഇടയ്ക്ക് ഉണങ്ങിത്തുടങ്ങിയ ബീഡിയും പുകച്ച് എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു.

രാത്രിയോടൊപ്പം മഴയുടെ ശക്തിയും ഏറി വന്നു. കനമേറിയ മഴത്തുള്ളികള്‍ മേല്‍ക്കൂരയിലേയ്ക്ക് വീണു. മഴവെള്ളം ചാലുകളായി മുറ്റത്ത് കൂടി ഒഴുകിക്കൊണ്ടേയിരുന്നു.

Thursday, February 5, 2009

നാല്

ആ ശരത്കാല സായാഹ്നത്തില്‍ ചക്രവാളത്തിലെ അവ്യക്തമായ അസ്തമയ വര്‍ണ്ണങ്ങള്‍ക്കു താഴെ ചിന്നഹള്ളിയിലെ പുല്‍‌പ്രദേശം തികച്ചും വിജനം ആയിരുന്നു.

ശരത്കാലത്തിന്റെ ആദ്യനാളുകളില്‍ തന്നെ പുല്‍‌പ്രദേശം വരണ്ട് സുവര്‍ണ്ണ നിറം ആയിക്കഴിഞ്ഞിരിക്കും.

പുല്‍‌പ്രദേശത്തിനു കുറുകെയുള്ള പൊടിനിറഞ്ഞ പാത അവസാനിക്കുന്നത് ദാമന്‍‌ഗുണ്ടിയിലെ കല്‍‌പ്പടവുകളിലാണ്. കല്‍പ്പടവുകള്‍ ഇറങ്ങിച്ചെല്ലുമ്പോള്‍ ഒച്ച കേള്‍പ്പിച്ച് ഒഴുകിപ്പോകുന്ന അരുവി. അതിനുമപ്പുറം വിശാലമായ മുന്തിരിപ്പാടങ്ങള്‍.

ദൂരെ മഞ്ഞു മൂടിയ മലനിരകളെ നോക്കിയപ്പോള്‍ വീണ്ടും ഒരിയ്ക്കല്‍ കൂടി അവളെ ഓര്‍മ്മ വന്നു. അകലെ ഒരുപാട് അകലെ മഴമേഘങ്ങളുടെ നാട്ടില്‍ അവള്‍ ഏകയായിരിക്കുമോ? എന്നെ ഓര്‍ക്കുന്നുണ്ടാകുമോ?

മഞ്ഞിലും മഴയിലും കാറ്റിലുമൊക്കെ സ്വയം അലിയാന്‍ ഏറെ ആഗ്രഹിച്ച, എന്നാല്‍ തിരക്കുകളുടെ ലോകത്ത് ബന്ധനസ്ഥയാക്കപ്പെട്ട, ഗ്രാമത്തിന്റെ അടയാളങ്ങളുള്ള ഒരു പെണ്‍‌കുട്ടി. അവളുടേതുപോലെ ഇത്രയും സുന്ദരമായ കൈവിരലുകളും നെറ്റിയിലേയ്ക്ക് വീണുകിടക്കുന്ന മുടിയിഴകളും മറ്റാരിലും ഞാന്‍ കണ്ടിട്ടില്ല.

അവള്‍ എനിക്കേറ്റവും പ്രിയമുള്ളവള്‍ ആണ്. ഒരിയ്ക്കല്‍ അത്‌ അവളോട്‌ പറയാനാകാതെ ഏറെ ദിവസങ്ങള്‍ ഞാനലഞ്ഞു നടന്നു. താഴ്‌വരകളില്‍ അവള്‍ക്കായ്‌ ഞാന്‍ കാത്തിരുന്നു , അവളറിയാതെ. പറയാതെ എല്ലാം ഞാന്‍ അവളോട് പറഞ്ഞിരുന്നു, പലപ്പോഴും. അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് ഭാവിച്ച് അവള്‍ അകന്ന് നിന്നു. അന്നൊക്കെ ഞാന്‍ ഓര്‍മ്മകളുടെ തടവറയിലേയ്ക്ക് സ്വയം ഒതുങ്ങിക്കൂടി.

പിന്നെ എപ്പോഴോ ഒരിയ്ക്കല്‍ അവളുടെ മനോഹരമായ കൈപ്പടയില്‍ അവള്‍ എനിക്ക് എഴുതി,
"മനസ്സിന്റെ ആര്‍ദ്രതലങ്ങളില്‍ നീയൊരു കാറ്റായ് വീശി. കടപുഴകാതിരിക്കാന്‍ ഞാന്‍ ഓടി മറഞ്ഞു. പിന്നെ താഴ്വരകളില്‍ നീ വസന്തമായ് വിരിഞ്ഞു അപ്പോഴും കണ്ണുകളടച്ചു ഞാന്‍ മനസ്സിനെ മറച്ചു. പിന്നെ നീ മഴയായ് പെയ്തു. കുട നിവര്‍ത്തി നിന്നെ തടുക്കാനൊരുങ്ങവേ ഞാനറിഞ്ഞു, ആ മഴത്തുള്ളികള്‍ക്ക് ചൂടായിരുന്നു. അതില്‍ ഉപ്പു രസം കലര്‍ന്നിരുന്നു. ഞാനറിഞ്ഞു, അതെനിക്കു വേണ്ടി നിന്റെ ആതമാവ് കരഞ്ഞതായിരുന്നു എന്റെ യാത്രകള്‍ നിന്നിലവസാനിക്കുന്നു, എപ്പോഴാണ് എനിക്കൊപ്പം നീയൊഴുകിത്തുടങ്ങിയത്? ഞാനറിഞ്ഞിരുന്നില്ല. പക്ഷെ നീ ഒഴുകാതിരുന്നപ്പോള്‍ ഞാന്‍ പെട്ടെന്നറിഞ്ഞു. പിന്നെ ഞാന്‍ തിരിച്ചൊഴുകാന്‍ തുടങ്ങി, നീ ഒഴുക്കു നിര്‍ത്തിയിടത്തേക്ക്. ഞാനെത്തുമെന്ന് നിനക്കറിയാമായിരുന്നു!!! നീയെന്നെ തേടുമ്പോള്‍ ഞാന്‍ തിരക്കെന്ന വിധിയിലകപ്പെട്ടിരിക്കും. ഞാനോടി വരുമ്പോള്‍ നീയകലങ്ങളിലേക്കൊഴിഞ്ഞു മാറും. പിന്നെ നീയും ഞാനും ഇങ്ങനെ പുകഞ്ഞ് പുകഞ്ഞ് കണ്ണുകള്‍ നനഞ്ഞ്, തൊണ്ടയിടറി ഇനിയൊരു മൃദുസ്പര്‍ശം വരെ നാമിരുവരും നീറിക്കൊണ്ടേയിരിക്കും. കാരണം നമുക്കിരുവര്‍ക്കും പകരം വയ്ക്കാന്‍ നാം മാത്രം."

ദാമന്‍‌ഗുണ്ടിയിലെ കല്‍പ്പടവുകളിലേയ്ക്ക് അപ്പോഴും സില്‍‌വര്‍ ഓക്കുമരത്തിന്റെ ഇലകള്‍ പൊഴിഞ്ഞു വീണുകൊണ്ടേയിരുന്നു.

ഈ നിമിഷങ്ങളില്‍ ഞാനറിയുന്നു പ്രണയത്തിന്‍റെ പൊടിമഞ്ഞു പൊഴിച്ച്‌ എന്റെ താഴ്‌വരകളിലേയ്ക്ക് വീണ്ടുമൊരു മഞ്ഞുകാലം വരികയാണ്‌. ഡിസംബറിന്‍റെ തണുപ്പില്‍ ചിന്നഹള്ളിയിലെ കാപ്പിത്തോട്ടങ്ങള്‍ അടിമുടി പൂത്തു നില്‍ക്കും. പൊടിമഞ്ഞിന്റെ കുഞ്ഞു കുഞ്ഞു കൂനകള്‍ പോലെ കാപ്പിച്ചെടികളിലെങ്ങും വെളുത്ത പൂക്കള്‍ വിടരും. ഇപ്പോള്‍ ഞാന്‍ ഒറ്റയ്ക്കല്ല. എന്‍റെ ഏകാന്തയുടെ ദിവസങ്ങള്‍ ഓര്‍മ്മ മാത്രമായിരിക്കുന്നു.

അവളിപ്പോള്‍ എനിക്കേറ്റവും പ്രിയമുള്ളവള്‍ , അല്ല അതുമാത്രമല്ല, അവളെന്‍റെ ജീവിതവും ജീവനുമൊക്കെയാണ്‌. ഇതൊരു പുനര്‍ജ്ജനിയാണ്‌. അവളെനിക്കു തിരികെ തന്നത്‌ ജീവിതത്തിന്‍റെ മനോഹാരിതയാണ്‌. അതെ, ഇപ്പോള്‍ എന്റെ ജീവിതത്തില്‍ വസന്തകാലമാണ്. പ്രണയത്തിന്റെ വസന്തകാലം.

പിന്നീട് ഒരു നാള്‍ ഒരു വൈകുന്നേരം എന്നെയും തേടി ജോനോ വന്നു. അവന്റെ മുഷിഞ്ഞ കുപ്പായത്തിന്റെ കീശയില്‍ നിന്നും ചുരുട്ടിപ്പിടിച്ച ഒരു കഷണം പേപ്പര്‍ എനിക്കു നേരെ നീട്ടി. അതും അവള്‍ എനിക്ക് എഴുതിയത് ആയിരുന്നു.
“നഷ്ടപ്പെടുന്ന നിമിഷങ്ങള്‍ അതൊരിക്കലും ഇനിയില്ല എന്നോര്‍ത്ത് തളരുന്നു. ഒഴുകിവീഴുന്ന കണ്ണുനീര്‍ത്തുള്ളികള്‍ അതൊരിക്കല്‍ക്കൂടി വന്നാലോ എന്നോര്‍ത്ത് തളരുന്നു. ചുരുക്കത്തില്‍ ഞാനെപ്പോഴും തളര്‍ന്നു തന്നെ. ശിവാ, നീ എനിക്കായ് അകലെ കാത്തിരിക്കുന്നു. മൂടല്‍ മഞ്ഞില്‍ ഉറങ്ങിക്കിടക്കുന്ന താഴ്വരകളുടെ നാട്ടില്‍ നീ തന്ന സ്വപ്നങ്ങളുടെ പ്രണയകാലവുമായ് ഞാന്‍ ഇവിടെയും. ഓരോ ദിവസവും ഓരോ നിമിഷവും ഞാന്‍ നിന്നോട് കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരിക്കുന്നു. നിന്നിലേക്കുള്ള എന്‍റെ യാത്ര , അത് തുടങ്ങിക്കഴിഞ്ഞു. ഞാന്‍ വരുന്നു, നിന്നെയും തേടി, തണുത്ത കാറ്റും വിളഞ്ഞു നില്‍ക്കുന്ന വയലുകളും പിന്നെ മഞ്ഞു മൂടിയ മലനിരകളുമുള്ള നിന്റെ താഴവരയിലേയ്ക്ക്.”

അന്നു മുതല്‍ ഞാന്‍ കാത്തിരിയ്ക്കുന്നു, ഈ കല്‍പ്പടവുകളില്‍. ഷക്ലേഷ്പൂരിലെ തിരക്കില്‍ ബസിറങ്ങി നെല്‍പ്പാടങ്ങളുടെ നഗരത്തിലേയ്ക്കുള്ള ബസില്‍ കയറി ദേശീയപാത 48-ലെ ബാലുപ്പേട്ടയില്‍ ബസിറങ്ങി എന്നെയും തേടി അവള്‍ നടന്നു വരുന്നത് ഈ വഴിയിലൂടെ തന്നെയാവും, കാരണം എന്റെ ചിത്രങ്ങളിലൂടെയും വാക്കുകളിലൂടെയും അവള്‍ക്ക് ഏറെ പരിചിതമാണ് ഈ വഴികള്‍.

മുന്തിരിപ്പാടത്തിന്റെ അവ്യക്തതയെ മറച്ചുകൊണ്ട് ഇരുട്ട് പിന്നെയും വ്യാപിക്കാന്‍ തുടങ്ങി. അകലെ സില്‍‌വര്‍ ഓക്ക് മരങ്ങള്‍ക്കുമപ്പുറം മലകള്‍ക്ക് മീതെ ചന്ദ്രബിംബത്തിന്റെ ഒരു ചെറിയ കഷണം ഉയര്‍ന്നു കാണാമായിരുന്നു.


മഞ്ഞിന്റെ നേരിയ ഗന്ധമുള്ള ഒരു കാറ്റ് മലയിറങ്ങി താഴ്വരയിലൂടെ കാപ്പിത്തോട്ടങ്ങളില്‍ മഞ്ഞുമഴ പെയ്യിച്ച് മുന്തിരിപ്പാടത്തിലേയ്ക്ക് ഒഴുകിപ്പോയി.

Monday, October 27, 2008

മൂന്ന്

ശൈത്യകാലത്തിന്റെ ആദ്യനാളുകളിലെ മഞ്ഞു പെയ്യുന്ന ഒരു രാത്രി. ദൂരെ മഗ്ഗിയിലെ ഓറഞ്ചുതോട്ടങ്ങളിലെവിടെയോ ഒരു നായ ഓരിയിട്ടുകൊണ്ടേയിരുന്നു. ഇരുളിലൂടെ മലയിലേയ്ക്ക് കാലികളെ തെളിച്ച് പോകുന്ന മേച്ചില്‍ക്കാരുടെ ശബ്ദം അകലെയായി കേള്‍ക്കാം.

അകലെ മഗ്ഗിയില്‍ പള്ളിമണികള്‍ മുഴങ്ങുന്നുണ്ടായിരുന്നു. ഒരുപാട് നാളുകള്‍ക്ക് ശേഷം അന്ന് ചിന്നഹള്ളിയിലെ താഴ്വരയില്‍ പൊടി മഞ്ഞ് വീഴാന്‍ തുടങ്ങി. മുറ്റത്തെ ഹെലിക്കോണിയ ചെടികളില്‍ പൊടി മഞ്ഞ് വെള്ള ആവരണം പോലെ പറ്റി നിന്നു.

നിലാവ് വീണുകിടക്കുന്ന ചിന്നഹള്ളിയിലെ വിശാലമായ പുല്‍‌പ്രദേശവും അതില്‍ പലയിടത്തായി കൂട്ടം കൂടി നില്‍ക്കുന്ന കാലികളെയും പുല്‍‌പ്രദേശത്ത് അങ്ങിങ്ങായി തീ കൂട്ടിയിരിക്കുന്നതും കാലികളെ മേയ്ക്കുന്നവര്‍ ഓടി നടക്കുന്നതും ഒക്കെ അകലെയായി കാണാം.

പുല്‍‍പ്രദേശം തുടങ്ങുന്നിടത്ത് ചിന്നഹള്ളിയിലെ കളപ്പുരയാണ്. ശൈത്യകാലം തുടങ്ങുമ്പോഴേയ്ക്കും അവിടുത്തെ പണിക്കാരൊക്കെ അബ്ബാനിലെ ഗ്രാമത്തിലേയ്ക്ക് മടങ്ങിയിട്ടുണ്ടാകും. കളപ്പുരയില്‍ ഇനി അടുത്ത കൊയ്ത്ത് കാലം വരെ അയാള്‍ ഒറ്റയ്ക്കാവും, കളപ്പുരയിലെ കാവല്‍ക്കാരനായ വൃദ്ധന്‍.

മഞ്ഞ് വീണുകിടക്കുന്ന
നടപ്പാതയിലൂടെ പുല്‍‌പ്രദേശത്തേയ്ക്ക് ഞാന്‍ നടന്നു പോയി. കളപ്പുരയുടെ വാതില്‍ക്കല്‍ തൂക്കിയ ചില്ലുവിളക്ക് അപ്പോഴും കത്തുന്നുണ്ടായിരുന്നു.

പുല്‍‌പ്രദേശത്ത് എത്തിയപ്പോള്‍ മേച്ചില്‍ക്കാര്‍ തീ കൂട്ടി അതിനുചുറ്റും ഇരിയ്ക്കുകയായിരുന്നു. ഞാനും തറയിലെ പുല്ലില്‍ അവരൊപ്പം ഇരുന്നു.

പൊടിമഞ്ഞ് വീഴാന്‍ തുടങ്ങിയതിന്റെ ആശങ്ക പങ്കുവയ്ക്കുകയായിരുന്നു അവര്‍. ശൈത്യം പതിവിലും നേരത്തെയായതും അവരെ ഭയപ്പെടുത്തുന്നു. ഇനി വരാന്‍ പോകുന്നത് ഒരു പക്ഷെ കൊടുംശൈത്യത്തിന്റെ ദുര്‍ദ്ദിനങ്ങള്‍ ആയിരിക്കാം. പൊടിമഞ്ഞ് വീഴുന്നത് തന്നെ അതിന്റെ ലക്ഷണമായാണ് മുതിര്‍ന്ന മേച്ചില്‍ക്കാര്‍ കാണുന്നത്. ഈ തണുത്ത രാത്രികളിലാണ് കാലിമോഷ്ടാക്കള്‍ പതുങ്ങിയെത്തുന്നത്. ഇടയ്ക്ക് തീയിലേയ്ക്ക് ഉണങ്ങിയ മരക്കഷണങ്ങള്‍ എറിഞ്ഞുകൊണ്ട് അവര്‍ പിന്നെയും സംസാരിച്ചുകൊണ്ടേയിരുന്നു.

സില്‍‌വര്‍ ഓക്ക് മരങ്ങള്‍ക്കിടയിലൂടെ ചന്ദ്രബിംബം പിന്നെയും ഉയര്‍ന്നുവന്നു. ദൂരെ ആ നായ അപ്പോഴും ഓരിയിടുന്നുണ്ടായിരുന്നു. പെട്ടെന്ന് മുളങ്കാടുകളുടെ ഭാഗത്തായി ഒരു പഠക്കം പൊട്ടി ഒപ്പം പന്നിയുടെ ദയനീയമായ ശബ്ദവും. അവര്‍ എല്ലാവരും വിളക്കുകളുമായി ശബ്ദം കേട്ട് ദിക്കിലേയ്ക്ക് ഓടി. പുല്‍‌പ്രദേശവും കഴിഞ്ഞ് മുളങ്കാടുകളിലേയ്ക്ക് അവര്‍ ഓടി മറഞ്ഞു.

പഠക്കം കടിയ്ക്കുമ്പോള്‍ പന്നിയുടെ തലചിതറും. അത് തലയില്ലാതെ അലക്ഷ്യമായി ഓടും. പിന്നെ എവിടെയെങ്കിലും തട്ടി വീഴും. തറയിലെ രക്തത്തിന്റെ പാടുകള്‍ നോക്കി വേട്ടക്കാര്‍ അതിനെ കണ്ടെത്തും. അതിനെ കണ്ടെത്താന്‍ സഹായിച്ചാല്‍ അവര്‍ക്കും മാംസത്തിന്റെ ഒരു ഭാഗം കിട്ടും. ആയതിനാലാണ് അവരും അവിടേയ്ക്ക് ഓടിപ്പോയത്.

ഇപ്പോള്‍ ആ വിശാലമായ പുല്‍‌പ്രദേശത്ത് ഞാന്‍ ഒറ്റയ്ക്ക് ആയി. തീ അപ്പോഴും കത്തിക്കൊണ്ടിരുന്നു. പുല്‍‌പ്രദേശത്തെ മഞ്ഞുതുള്ളികള്‍ നിലാവില്‍ തിളങ്ങി. ഇരുളില്‍ നിന്ന് ആരോ എന്നെ നോക്കുന്നതുപോലെ എനിക്ക് തോന്നി. ഭയം എന്നെ കീഴ്പ്പെടുത്താന്‍ തുടങ്ങി. ഞാന്‍ വന്ന് തീയുടെ അടുത്ത് ഇരുന്നു. വല്ലാത്ത ദാഹം തോന്നി. നിലാവില്‍ ആ കാലിപ്പുര ഒരു വലിയ കല്ലറ പോലെ എന്നെ ഭയപ്പെടുത്തി നിശ്ശബ്ദം നിന്നു.

അപ്പോള്‍ അകലെ മുളങ്കാടുകളുടെ ഭാഗത്ത് വിളക്കുകള്‍ ഉയര്‍ന്ന് കാണാന്‍ തുടങ്ങി. അത് അടുത്ത് അടുത്ത് വന്നു. അവര്‍ തിരിച്ചെത്തിക്കഴിഞ്ഞു. അവര്‍ കിതയ്ക്കുന്നുണ്ടായിരുന്നു. ചിലരൊക്കെ തറയില്‍ കുത്തിയിരുന്നു. അവരുടെ മഞ്ഞുകുപ്പായങ്ങളില്‍ നിന്ന് മഞ്ഞുതുള്ളികള്‍ വീഴുന്നുണ്ടായിരുന്നു. ആ കാട്ടുപന്നിയെ കണ്ടെത്താന്‍ കഴിയാത്തതില്‍ അവര്‍ നിരാശരായിരുന്നു.

അത്താഴത്തിന് സമയം ആയി. ചില്ലുവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ അവരൊപ്പം ഞാനും തറയില്‍ ഇരുന്നു. കളപ്പുരയിലെ വൃദ്ധനും അപ്പോള്‍ അവിടെ എത്തിച്ചേര്‍ന്നു. അത്താഴത്തിനുശേഷം വൃദ്ധന്‍ കളപ്പുരയിലേയ്ക്ക് പോയി. രണ്ടുപേരെ കാലിപ്പുരയുടെ കാവല്‍ ഏല്‍പ്പിച്ച് മറ്റുള്ളവര്‍ മുറിവേറ്റ പന്നിയെയും തേടി പോയി, പുല്‍‌പ്രദേശത്തിനപ്പുറത്തെ മുളങ്കാടുകളിലേയ്ക്ക്.

ഞാന്‍ വയ്ക്കോല്‍പ്പുരയിലേയ്ക്ക് പോയി. അവിടെ വയ്ക്കോല്‍പ്പുരയുടെ മുകളില്‍ വലിഞ്ഞുകയറി ആകാശം നോക്കി ഞാന്‍ ഇരുന്നു. അവര്‍ രണ്ടുപേരും തോക്കുകളുമായി കാലിപ്പുരയുടെ ചുറ്റും നടക്കുന്നുണ്ടായിരുന്നു. ചിലപ്പോഴൊക്കെ അവര്‍ തീയുടെ അടുത്ത് വന്ന് കൈകള്‍ ചൂടാക്കി പിന്നെയും കാലിപ്പുരയുടെ ചുറ്റും നടന്നു.

എനിക്ക് തണുപ്പ് തോന്നിത്തുടങ്ങി. പതിയെ താഴേയ്ക്ക് ഇഴഞ്ഞ് ഇറങ്ങി. വയ്ക്കോല്‍‌പ്പുരയുടെ ഉള്ളില്‍ കയറി. അവിടെ വയ്ക്കോലിന്റെ പുറത്ത് ഞാന്‍ കിടന്നു. സുഖകരമായ ചൂട്.

പുറത്ത് അപ്പോഴും പുല്‍നാമ്പുകളിലേയ്ക്കും കാലിപ്പുരയുടെ മേല്‍ക്കൂരയിലേയ്ക്കും ഒക്കെ മഞ്ഞ് മഴപോലെ പെയ്തുവീഴുന്നുണ്ടായിരുന്നു. നിലാവില്‍ അകലെ നിന്നും മഞ്ഞിന്റെ അവ്യക്തതയിലൂടെ ഒരാള്‍ അവിടേയ്ക്ക് നടന്നുവരുന്നത് എനിക്ക് കാണാമായിരുന്നു. ഞാന്‍ വയ്ക്കോല്പുരയിലെ വിളക്ക് തെളിയിച്ചു. പുറത്ത് കാവലിന് നിന്നവരെ കാണാനില്ല. തീ അപ്പോഴും കത്തുന്നുണ്ടായിരുന്നു.

നിലാവില്‍ പുല്‍‌പ്രദേശത്ത് ഒറ്റയ്ക്ക് നിന്നിരുന്ന സില്‍‌വര്‍ ഓക്ക് മരത്തിന്റെ ചുവട്ടില്‍ അയാള്‍ യാത്ര അവസാനിപ്പിച്ചു. ഞാന്‍ കുറെ സമയം അത് നോക്കി നിന്നു. രാത്രിയിലെ ഈ വൈകിയ സമയത്ത് ആരായിരിക്കാം? ഈ തണുപ്പില്‍ അയാള്‍ അവിടെ എന്തു ചെയ്യുകയാവാം? വഴിതെറ്റി വന്ന വല്ല യാത്രക്കാരനും ആകുമോ?

ഞാന്‍ വിളക്കുമെടുത്ത് അവിടേയ്ക്ക് നടന്നു. അയാള്‍ മുളങ്കാടുകളുടെ ഭാഗത്തേയ്ക്ക് നോക്കി നില്‍ക്കുകയായിരുന്നു. ഞാന്‍ അയാളുടെ മുന്നിലെത്തി വിളക്ക് ഉയര്‍ത്തി.

നെറ്റിയിലേയ്ക്ക് വീണുകിടക്കുന്ന നീളമേറിയ മുടികള്‍ക്ക് പിന്നിലെ ആ മുഖം ഞാന്‍ കാണാന്‍ തുടങ്ങുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് തലകുനിച്ച് പാദസരമണിഞ്ഞ കാലുകളാല്‍ പുല്‍നാമ്പുകളിലെ വെള്ളത്തുള്ളികള്‍ ചവിട്ടിത്തെറുപ്പിച്ച് ഇരുളിലേയ്ക്ക് അവള്‍ ഒരിക്കല്‍ കൂടി ഓടി മറഞ്ഞു. ആ പാ‍ദസരകിലുക്കം എന്നും എനിക്ക് പ്രിയതരം ആയിരുന്നു. ഇപ്പോള്‍ എനിക്ക് ചുറ്റും മഞ്ഞ് വല്ലാതെ മണക്കുന്നുണ്ടായിരുന്നു.

പുല്‍‌പ്രദേശത്ത് അവള്‍ അവശേഷിപ്പിച്ച് പോയ കാല്‍പ്പാടുകള്‍ നോക്കി ഞാന്‍ നടന്നു പോയി. മുളങ്കാടുകള്‍ അവസാനിക്കുന്നതുവരേയ്ക്കും, അവിടെ നിന്ന് മഗ്ഗിയിലെ പാടങ്ങളിലൂടെയും. ഇടയ്ക്ക് ഞാന്‍ നിന്നു, ആ പാദസരകിലുക്കത്തിനായി കാതോര്‍ത്തു. ഇല്ല, ഒന്നും കേള്‍ക്കാനില്ല. പിന്നെയും തിരഞ്ഞു. പലതവണ ഞാന്‍ ഉറക്കെ വിളിച്ചു. ചുറ്റും മലകള്‍ നിശ്ശബ്ദം നിന്നു. ആ രാത്രി മുഴുവന്‍ അവളുടെ പേരും ഉറക്കെ വിളിച്ചുകൊണ്ട് കുന്നുകള്‍ കയറിയിറങ്ങിയും പാടങ്ങളിലൂടെയും കാപ്പിത്തോട്ടങ്ങളിലൂടെയും ഒക്കെ പലതവണ ഞാന്‍ നടന്നു.

ഞാന്‍ തളര്‍ന്നു തുടങ്ങി. എന്റെ കയ്യിലെ വിളക്ക് എവിടെയോ വീണുപോയിരുന്നു. ഇരുളിലൂടെ നടന്ന് ഞാന്‍ തിരികെ പുല്‍‌പ്രദേശത്തേയ്ക്ക് വന്നു. അപ്പോഴും അവിടെ തീ കത്തുന്നുണ്ടായിരുന്നു. അപ്പോഴേയ്ക്കും കാലിപ്പുരയ്ക്ക് കാവല്‍ നിന്നവര്‍ എന്റെയടുത്തേയ്ക്ക് വന്നു. ഞാന്‍ ആ സില്‍‌വര്‍ ഓക്ക് മരം തിരയുകയായിരുന്നു. അത് എവിടെ പോയി?

കാവല്‍ക്കാരില്‍ ഒരുവന്‍ ചോദിച്ചു, “നീ ഈ തണുപ്പില്‍ ഇവിടെ എന്തു ചെയ്യുന്നു.”

“ഇവിടെ നിന്നിരുന്ന സില്‍‌വര്‍ ഓക്ക് മരം എവിടെ പോയി?” ഞാന്‍ ചോദിച്ചു.

അവര്‍ അത്ഭുതത്തോടെ എന്നെ നോക്കി. “സില്‍‌വര്‍ ഓക്ക് മരമോ? ഇവിടെയോ?”

അപ്പോഴേയ്ക്കും പന്നിയെ തിരയാന്‍ പോയവര്‍ തിരികെ വരുന്നുണ്ടായിരുന്നു. ഒരു വലിയ കാട്ടുപന്നിയെയും ചുമന്നായിരുന്നു അവര്‍ വന്നത്. തീയ്ക്ക് ചുറ്റും ഇരുന്ന് അവര്‍ കൈകള്‍ ചൂടാക്കാന്‍ തുടങ്ങി.

ഞാന്‍ അപ്പോഴും തിരയുകയായിരുന്നു “ഇവിടെ നിന്നിരുന്ന സില്‍‌വര്‍ ഓക്ക് മരം എവിടെ പോയി?”

Monday, July 28, 2008

രണ്ട്

ഡിസംബറിലെ ആ തണുത്ത സായാഹ്നത്തില്‍ ചിന്നഹള്ളിയില്‍ നിന്നു മഗ്ഗിയിലേക്കുള്ള വിജനമായ കല്‍പ്പാതയിലൂടെ ഞാന്‍ നടന്നു പോയി. മഞ്ഞുതുള്ളികള്‍ മര്‍മ്മരശബ്ദത്തോടെ വീണുകൊണ്ടിരുന്നു. പര്‍വതിബറ്റയിലെ കല്‍ വിളക്കുകളില്‍ ദീപം തെളിയിച്ചിരിക്കുന്നത് അകലെയായ്‌ കാണാം.

തോട്ടങ്ങളില്‍ പണിയെടുത്ത്‌ തിരികെ പോകുന്ന ഒരുകൂട്ടം ആളുകള്‍ എന്നെ കടന്നു പോയി. ചിന്നഹള്ളിയിലെ കാട്ടുവഴിയിലൂടെ ഒരാള്‍ കാലികളെ തെളിച്ചു വന്നു. അയാള്‍ അവയെ അടുത്ത കാപ്പിത്തോട്ടത്തിലേക്കു ഓടിച്ചു കയറ്റി. കാപ്പിച്ചെടികളെ ഉലച്ചുകൊണ്ട്‌ അതിനിടയിലൂടെ അവ മുന്നോട്ടു പോയി. കുളമ്പടി ശബ്ദം അകന്ന് അകന്ന് ക്രമേണ ഇല്ലാതായി.

ഇപ്പോള്‍ ചുറ്റും വല്ലാത്ത ശാന്തത. കാപ്പിപ്പൂക്കളുടെ മണം അവിടെ നിറഞ്ഞു നിന്നു. ചുറ്റും മഞ്ഞുതുള്ളികള്‍ വീഴുന്ന ശബ്ദം മാത്രം. മഞ്ഞ്‌ തുള്ളികളായി ഇലകളില്‍ നിന്ന് ഇലകളിലേക്കും താഴേക്കും വീണുകൊണ്ടിരുന്നു. താഴെ കൊയ്ത്തു കഴിഞ്ഞ പാടത്തിലൂടെ പന്നി വേട്ടക്കാര്‍ നടന്നു പോയി. അവര്‍ പന്നിപ്പടക്കങ്ങള്‍ യഥാസ്ഥാനത്ത് വയ്ക്കുകയായിരുന്നു.

തണുത്ത കാറ്റ്‌ മരച്ചില്ലകളെ ആടിയുലച്ച്‌ കടന്നു പോയി.

ഓറഞ്ചു തോട്ടവും അരുവിയും പിന്നിട്ട്‌ ഞാന്‍ വളരെ ദൂരം സഞ്ചരിച്ചു കഴിന്നിരുന്നു. മനസ്സ്‌ അസ്വസ്ഥമാകുമ്പോള്‍ ഞാന്‍ ചെയ്തിരുന്നത്‌ ഇത്‌ മാത്രമാണ്. വെറുതെ നടക്കുക. പക്ഷെ ഇന്ന് ദൂരം വളരെയായിക്കഴിഞ്ഞിരുന്നു.

ചിന്നഹള്ളിയിലെ വളവിനു മുമ്പുള്ള പാലത്തിനരികെ ഞാന്‍ നിന്നു. മഞ്ഞ്‌ കുറേശ്ശെ പെയ്യുന്നുണ്ട്‌. മഞ്ഞ്‌ കുപ്പായം നന്നായി നനഞ്ഞ്‌ കഴിഞ്ഞിരുന്നു. അകലെ മഞ്ഞ് മൂടിയ മലനിരകള്‍ കണ്ടപ്പോള്‍ വീണ്ടും അവളെ ഓര്‍മ്മ വന്നു.

രാത്രിയാകാന്‍ ഇനി അല്പസമയം മാത്രം. മനസ്സ്‌ ഇപ്പോഴും ശാന്തമായില്ല. അവള്‍ എനിക്ക് ഏറ്റവും പ്രിയമുള്ളവളായിരുന്നു. തണുത്ത മഞ്ഞിന്റെ മണമുള്ളവള്‍. തലമുടിയില്‍ ഒരു നാളും പൂക്കള്‍ ചൂടാത്തവള്‍. കൈകളിലും കാലുകളിലും മൈലാഞ്ചി കൊണ്ട് ചിത്രം വരയ്ക്കുന്നവള്‍. നെറ്റിയിലേയ്ക്ക് വീണുകിടക്കുന്ന നീളമേറിയ മുടിയുള്ളവള്‍. എനിക്കായ് സ്വപ്നങ്ങളുടെ ഒരു പ്രണയകാലം തീര്‍ത്തവള്‍. അവള്‍ എന്റെ ഹൃദയം, സ്വപ്നങ്ങള്‍, ജീവിതം എല്ലാം എടുത്ത് കൊണ്ട്‌ പോയി.


ഒരു മഴക്കാല സന്ധ്യയില്‍ കൊലുസണിഞ്ഞ കാലുകളാല്‍ പുല്‍നാമ്പുകളിലെ മഴത്തുള്ളികള്‍ ചവിട്ടിത്തെറുപ്പിച്ചു കൊണ്ടാണ് അവള്‍ എന്റെ മുന്നിലേയ്ക്ക് നടന്നു വന്നത്. ഞങ്ങളുടെ പ്രണയത്തിന് കൂട്ടായി അന്നൊക്കെ മഴയുണ്ടായിരുന്നു. ഒരു നാള്‍ ഏകാന്തതയുടെ അഗാധതയില്‍ എന്നെ ഉപേക്ഷിച്ച് അവള്‍ എവിടേയ്ക്കോ നടന്നു മറഞ്ഞു. മിഴിനീര്‍ത്തുള്ളികള്‍ നിശ്ശബ്ദം താഴേയ്ക്ക് ഒഴുകി വീണു. അന്നും മഴയായിരുന്നു. ഇന്നും എനിക്ക് ഏറ്റവും ഇഷ്ടം അവളുടെ പാദസരകിലുക്കം തന്നെയാണ്. പിന്നീട് ഒരുപാട് തവണ എന്റെ താഴ‌വരയിലേയ്ക്ക് മഴ വന്നു. അവള്‍ മാത്രം വന്നില്ല.

മഞ്ഞ്‌ വീഴ്ച ശക്തമായിത്തുടങ്ങി.
ചന്ദ്രബിംബം മലമുകളില്‍ ഉയര്‍ന്നു വന്നുകൊണ്ടിരുന്നു. ആ തണുത്ത രാത്രിയില്‍ മറ്റൊന്നും തന്നെ ചെയ്യാനില്ലാത്തതിനാല്‍ ഞാന്‍ വീട്ടിലേയ്ക്ക് നടന്നു.

രാത്രി നിശാശലഭങ്ങള്‍ എന്റെ മുറിയിലേക്കു പറന്നു വന്നു. പല നിറത്തിലും വലിപ്പത്തിലുമുള്ളവ. അവ മുറിയിലെ റാന്തലിനു ചുറ്റും പാറി നടന്നു. പിന്നെ ഓരോന്നായി ചിറകൊടിഞ്ഞു താഴെ വീണു.

ഞാന്‍ ഉറങ്ങാന്‍ അതിയായി ആഗ്രഹിച്ചു. ഒടുവില്‍ രാത്രി എപ്പോഴോ ഞാന്‍ ഉറങ്ങി. മരങ്ങളിലേക്ക്‌ പെയ്തു വീഴുന്ന മഴയുടെ ശബ്ദം എന്നെ ഉണര്‍ത്തി. നെരിപ്പോടില്‍ അപ്പോഴും തീ കത്തുന്നുണ്ടായിരുന്നു. ഞാന്‍ ജനാലയിലൂടെ പുറത്തേക്കു നോക്കി. ഇരുളിലേക്കു പെയ്തിറങ്ങുന്ന മഴ. എങ്ങും മഴയുടെ ശബ്ദം. താഴ്‌വരയിലെ മഴ. മഴത്തുള്ളികള്‍ എന്റെ മുഖത്തേക്കും തെറിച്ചുവീണുകൊണ്ടിരുന്നു.

"ഈ മഴ ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍," ഞാന്‍ വെറുതെ ആഗ്രഹിച്ചു.

Thursday, June 19, 2008

ഒന്ന്

ഡിസംബറില്‍ ചിന്നഹള്ളി‍യിലെ തണുത്ത കാറ്റിനും പൊഴിഞ്ഞുവീഴുന്ന മഞ്ഞുതുള്ളികള്‍ക്കും കാപ്പിപ്പൂക്കളുടെ മണമായിരുന്നു.

ആ ശൈത്യകാലത്തെ ഒരു വൈകുന്നേരം താഴ്വാരത്തെ സില്‍‌വര്‍ ഓക്ക് മരങ്ങള്‍ക്കിടയിലൂടെ ഞാന്‍ നടന്നു പോയി. ദൈത്താപുരത്തേയ്ക്കുള്ള വഴി ഏറെക്കുറെ വിജനമായിരുന്നു. പാതയുടെ ഇരുവശത്തും കാപ്പിച്ചെടികള്‍ പൂത്തുലഞ്ഞ് നിന്നിരുന്നു. തണുത്തുറഞ്ഞ വൈകുന്നേരങ്ങളില്‍ മഞ്ഞുകുപ്പായത്തിനുള്ളില്‍ കയ്യും തിരുകി ഞാന്‍ ഇതുവഴി നടന്നു പോകാറുണ്ട്.

പര്‍വ്വതിബറ്റയിലേയ്ക്ക് നടന്നുകയറുമ്പോള്‍ മഞ്ഞ് വീഴാന്‍ തുടങ്ങിയിരുന്നു. ഇവിടെ മലമുകളില്‍ പാര്‍വ്വതീദേവിയുടെ അമ്പലമുണ്ട്. വനവൃക്ഷങ്ങള്‍ക്കിടയില്‍ ഒരുപാട് കല്‍ത്തൂണുകളും കല്‍‌‍വിളക്കുകളുമുള്ള ചെറിയ അമ്പലം. വിശേഷദിവസങ്ങളിലൊഴികെ ആരും ഇവിടേയ്ക്ക് വരാറില്ല.

അവിടമാകെ കരിയിലകളാല്‍ മൂടിക്കിടന്നു. എന്റെ പാദങ്ങള്‍ക്കടിയില്‍ കരിയിലകള്‍ ഒച്ച വച്ചുകൊണ്ട് ഞെരിഞ്ഞമര്‍ന്നു. കല്‍‌ത്തൂണുകളില്‍ വള്ളിച്ചെടികള്‍ പടര്‍ന്നു കയറിയിരിക്കുന്നു. കല്‍‌വിളക്കുകളില്‍ മഴവെള്ളം വീണ് നിറഞ്ഞിരിക്കുന്നു. കനകാംബരച്ചെടികളില്‍ പൂക്കള്‍ വിടര്‍ന്നു നിന്നിരുന്നു. ഒരു വശത്തായി നാഗലിംഗവൃഷം ഇലകള്‍ പൊഴിച്ച് നിശ്ശബ്ദം നില്‍ക്കുന്നു.

താഴെ മഗ്ഗിയിലെ വിശാലമായ പുല്‍പ്രദേശങ്ങളില്‍ കാലികള്‍ മേഞ്ഞു നടക്കുന്നു. ചിന്നഹള്ളിയിലെ കാപ്പിത്തോട്ടങ്ങളും അകലെയായി വയലേലകള്‍ക്ക് അരികിലായി മഗ്ഗിയിലെ ഗ്രാമത്തിലെ വീടുകളും കാണാം. അതിനുമപ്പുറം കുന്നുകള്‍ക്ക് മീതെ വെള്ള മഞ്ഞ് മൂടിക്കിടക്കുന്നു.

തണുത്ത കാറ്റ് കരിയിലകളെ പറപ്പിച്ചുകൊണ്ട് കടന്നുപോയി.

കല്‍ത്തൂണുകളിലൊന്നില്‍ ചാരി ഞാനിരുന്നു. വിദൂരദിനങ്ങളിലെ സായാഹ്നങ്ങളില്‍ ഞാനും ജോനോയും ഇവിടേയ്ക്ക് വരുമായിരുന്നു. ഈ കല്‍ത്തൂണുകളില്‍ ചാരിയിരുന്ന് ഞങ്ങള്‍ ഒരുപാട് സംസാരിക്കുമായിരുന്നു. ഒരുപാട് സ്വപ്നങ്ങള്‍ കാണുമായിരുന്നു. അന്നൊക്കെ ജോനോ പാടാറുണ്ടായിരുന്നു. ആ പാട്ടിനൊപ്പിച്ച് ആകാശം നോക്കി അങ്ങനെയിരിക്കാന്‍ എന്തു രസമാണെന്നോ.

“പാംച് പൈസേ.....പാംച് പൈസേ......” ഒരിക്കല്‍ പരിചിതമായിരുന്ന ആ ശബ്ദം കേട്ട് ഞാന്‍ തലയുയര്‍ത്തി നോക്കി. താഴ്വരയിലൂടെ അലഞ്ഞു നടക്കാറുള്ള ഭ്രാന്തനായിരുന്നു അത്.

ഞാന്‍ ആദ്യമായി അയാളെ കാണുന്നത് ചിന്നഹള്ളിയിലെ തെരുവില്‍ വച്ചാണ്. അന്ന് ഞാന്‍ ചെറിയ കുട്ടിയായിരുന്നു. വെണ്‍ന്മേഘങ്ങള്‍ക്കിടയിലൂടെ സൂര്യപ്രകാശം താഴ്വരയിലേയ്ക്ക് പതിയെ വീണുകൊണ്ടിരുന്ന ദിവസമായിരുന്നു അന്ന്. വളരെ നാളുകള്‍ക്ക് ശേഷമാണ് അന്ന് താഴ്വരയിലേയ്ക്ക് വെയില്‍ വീഴുന്നത്. ചിന്നഹള്ളിയിലെ തെരുവ് അന്ന് തിരക്കിലായിരുന്നു. എല്ലാവരും തിരക്കിലായിരുന്നു. എന്നാല്‍ അന്ന് അയാള്‍ മാത്രം ഒരിടത്ത് നിശ്ശബ്ദം നിന്നു.

പിന്നീട് ഞാന്‍ അയാളെ കാണുന്നത് മഗ്ഗിയിലെ തെരുവില്‍ വച്ചാണ്. അന്ന് മഴയായിരുന്നു. തെരുവ് വിജനമായിരുന്നു. എല്ലാവരും എവിടെയെങ്കിലുമൊക്കെ ഒതുങ്ങിക്കൂടി നിന്നു. എന്നാല്‍ അന്ന് അയാള്‍ മാത്രം പെയ്തുവീഴുന്ന മഴയിലൂടെ നനഞ്ഞുകൊണ്ട് എവിടേയ്ക്കോ നടന്നു പോയി.

പിന്നേയും എത്രയോ പ്രാവശ്യം ഞാന്‍ അയാളെ കണ്ടു. അന്നൊക്കെ “പാംച് പൈസേ.....പാംച് പൈസേ......”എന്നു പറഞ്ഞുകൊണ്ട് എല്ലാവരുടെയും മുന്നില്‍ കൈ നീട്ടി പിന്നെ എന്തെക്കൊയോ പുലമ്പിക്കൊണ്ട് അയാള്‍ നടന്നു പോകുമായിരുന്നു.

അപ്രതീക്ഷിതമായി ഒരു ദിവസം അയാള്‍ എന്റെ മുന്നിലേയ്ക്കും വന്നു. “പാംച് പൈസേ.....പാംച് പൈസേ......” അഴുക്കുപുരണ്ട വസ്ത്രങ്ങളും, അലസമായി പറന്നു കിടക്കുന്ന താടിയും തലമുടിയും, നീട്ടി വളര്‍ത്തിയ നഖവും ഒക്കെയുള്ള ആ രൂപം എന്നെ ഭയപ്പെടുത്തി. അയാള്‍ എന്റെ മുന്നില്‍ നിന്ന് ദയനീയമായി കൈ നീട്ടി. ഞാന്‍ ഒരു ഇരുപത്തിയഞ്ചു പൈസ അയാള്‍ക്ക് നേരെ നീട്ടി. അയാള്‍ അത് വാങ്ങി തിരിച്ചും മറിച്ചും നോക്കി. ഒടുവില്‍ ആ നാണയം എനിയ്ക്ക് തിരികെ തന്നിട്ട് എവിടേയ്ക്കൊ നടന്നു മറഞ്ഞു.

അന്ന് വൈകുന്നേരം ഞാന്‍ അമ്മയോട് ആ ഭ്രാന്തനെക്കുറിച്ച് പറഞ്ഞു. അയാള്‍ എന്തിനാ ഞാന്‍ കൊടുത്ത ആ പൈസ തിരികെ തന്നതെന്നും ചോദിച്ചു. അയാള്‍ അഞ്ചു പൈസ മാത്രമേ വാങ്ങുകയുള്ളൂ എന്ന് അമ്മ പറഞ്ഞു. അമ്മയോട് ആ ഭ്രാന്തനെക്കുറിച്ച് കൂടുതല്‍ എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു.

ആ സംഭവത്തിനുശേഷം എല്ലാ ദിവസവും ഞാന്‍ എന്റെ പോക്കറ്റില്‍ ഒരു അഞ്ചുപൈസ കരുതി വച്ചിരുന്നു. ഓരോ ദിവസവും സ്കൂളില്‍ പോകാന്‍ കവലയില്‍ വരുമ്പോഴും തിരികെ പോകാന്‍ കവലയില്‍ ബസ്സിറങ്ങുമ്പോഴും എന്റെ കണ്ണുകള്‍ അയാളെ തിരഞ്ഞു. പക്ഷെ അയാളെ മാത്രം എങ്ങും കണ്ടില്ല. ആരും അയാളെക്കുറിച്ച് പറയുന്നുപോലുമുണ്ടായിരുന്നില്ല.

ആ ഭ്രാന്തനെക്കുറിച്ച് അറിയണമെന്ന് എനിയ്ക്കുണ്ടായിരുന്നു. പിന്നീടാവട്ടെയെന്ന് ഓരോ പ്രാവശ്യവും കരുതി. ഒടുവില്‍ വേണ്ടായെന്ന് തീരുമാനിച്ചു.

ദിവസങ്ങള്‍ കടന്നുപോയി. ഞാനും വളര്‍ന്നു. എല്ലാവരും അയാളെ മറന്നുവെന്ന് തോന്നുന്നു. എന്നാല്‍ ഞാന്‍ വല്ലപ്പോഴുമൊക്കെ അയാളെ ഓര്‍ത്തു.

പിന്നീടൊരിക്കല്‍ മഞ്ഞു പെയ്യുന്ന ഒരു വൈകുന്നേരം ഷക്ലേഷ്പുരത്ത് നിന്നും ചിന്നഹള്ളി വഴി മഗ്ഗിയ്ക്കു പോകുന്ന ബസ്സ് ശബ്ദമുണ്ടാക്കിക്കൊണ്ട് ചിന്നഹള്ളിയിലെ കവലയില്‍ വന്നു നിന്നു. അതില്‍ നിന്നും അയാള്‍ പുറത്തേയ്ക്കിറങ്ങി. ആ ഭ്രാന്തന്‍. എന്റെ കൈകള്‍ ഞാന്‍ അറിയാതെ തന്നെ അഞ്ചുപൈസയ്ക്കുവേണ്ടി പോക്കറ്റില്‍ പരതുന്നുണ്ടായിരുന്നു. ഒരു നിമിഷം എല്ലാവരും അയാളെ നോക്കി. അയാള്‍ ആരെയും ശ്രദ്ധിക്കാതെ തെരുവിലൂടെ നടന്ന് എവിടെയോ മറഞ്ഞു.

അന്ന് രാത്രി ഞാന്‍ വീട് മുഴുവനും അഞ്ചുപൈസയ്ക്കുവേണ്ടി തിരഞ്ഞു. അവസാനം കളപ്പുരയിലെ കാളിമുത്തുവിന്റെ കയ്യില്‍ നിന്നും കുറേ അഞ്ചുപൈസ നാണയങ്ങള്‍ കിട്ടി. വീണ്ടും ഒരിയ്ക്കല്‍കൂടി അയാള്‍ എന്റെ മുന്നിലെത്തുന്നതും പ്രതീക്ഷിച്ച് ഞാനിരുന്നു. എന്നാല്‍ അയാള്‍ വന്നില്ല. ഞാന്‍ ആ അഞ്ചുപൈസകള്‍ കാളിമുത്തുവിന് തിരികെ കൊടുത്തു. ഞാന്‍ അയാളെ മറന്നുതുടങ്ങുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഈ സന്ധ്യയില്‍ ഈ മലമുകളില്‍ ഈ അമ്പലനടയില്‍ അയാള്‍ വീണ്ടും.

ഒരിക്കല്‍ക്കൂടി അയാള്‍ക്ക് മുന്നില്‍ ഞാന്‍ നിസ്സഹായനായി. അയാള്‍ ആവശ്യപ്പെടുന്ന നിസ്സാരമായ അഞ്ചുപൈസ കൊടുക്കാന്‍ കഴിയാത്തതില്‍ എനിയ്ക്ക് ഏറെ വിഷമം തോന്നി.

ഒരിക്കല്‍കൂടി എന്റെ മുഖത്തേയ്ക്ക് ദയനീയമായി നോക്കിയിട്ട് ഇരുള്‍വീണുകിടക്കുന്ന വനമരങ്ങള്‍ക്കിടയിലൂടെ നടന്ന് അയാള്‍ മറഞ്ഞു.

ചിന്തകള്‍ അതെന്നെ അലോസരപ്പെടുത്തി. ഈ നശിച്ച ഭ്രാന്തമായ ഏകാന്തദിനങ്ങള്‍ക്ക് മുന്‍പ് ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെയുള്ള സുന്ദരമായൊരു യൌവനം അയാള്‍ക്കുമുണ്ടായിരുന്നിരിക്കണം. അന്നൊക്കെ അയാള്‍ക്കും അച്ഛന്‍, അമ്മ, സഹോദരങ്ങള്‍, കൂട്ടുകാര്‍ ഒക്കെയുണ്ടായിരുന്നിരിക്കാം. ഒരു പക്ഷെ സുന്ദരിയായ ഒരു പ്രണയിനിയും അയാള്‍ക്ക് ഉണ്ടായിരുന്നിരിക്കാം. എന്നാലിന്നോ! അയാള്‍ അതറിയുന്നുവോ? ഇനിയും എത്ര നാള്‍ ഇങ്ങനെ?

ഇപ്പോള്‍ എനിക്ക് ചുറ്റും ഇരുട്ടാണ്. മഞ്ഞു ചെറുതായി പൊഴിയുന്നുണ്ട്. ഇവിടെ പൊഴിഞ്ഞുവീഴുന്ന മഞ്ഞുതുള്ളിപോലെ എന്റെ മുന്നിലേയ്ക്ക് ഇനിയും ഒരുനാള്‍ അയാള്‍ വരുമായിരിക്കാം.
 
 
Copyright © ചിന്നഹള്ളി ഡയറി